വിശ്വവിഖ്യാതമായ digital assignment(DA) എഴുത്തിന്റെ തുടക്കം ...

സകല കോടാനുകോടി ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ...പ്രകാശം പരക്കട്ടെ...

ആദ്യത്തെ msc assignment submit ചെയ്തത് ഇത്ര വലിയ കാര്യം ആണോ എന്ന് പലർക്കും ഈ പോസ്റ്റ് കാണുമ്പോൾ തോന്നിയേക്കാം... എന്നാൽ എന്നെ സംബന്ധിച്ചു അത് ആനക്കാര്യം തന്നെ ആയിരുന്നു...ഇന്നിപ്പോൾ രണ്ട് കൊല്ലം ആയി..

കഥ മുന്നിലോട്ടു പോവുന്നതിന് മുമ്പ് നമുക്ക് ഒന്ന് ഫ്ലാഷ്ബാക്കിലേക്ക് പോവാം...(അന്ന് കൊറോണ ഇല്ലാത്ത കാലം ആണ് എന്ന് ഓർക്കുക) കിറുകൃത്യമായി പരീക്ഷ നടത്തുന്നതിൽ പേര് കേട്ട ഒരു യൂണിവേഴ്സിറ്റിയിൽ ആണ് ഞാൻ BSc Physics പഠിച്ചത്..മനസ്സിലായില്ലെങ്കിൽ പറയാം നമ്മുടെ വിശ്വവിഖ്യാതമായ കാലിക്കറ്റ് സർവകലാശാല...പലപ്പോഴും പരീക്ഷ തയ്യാറെടുപ്പു കാരണം ഏത് സെമസ്റ്റർ ആണ് പഠിക്കുന്നത് എന്ന് പോലും നമ്മൾ മറന്നുപോകും അത്രയും മായാജാലം തീർത്ത ഒരു യൂണിവേഴ്‌സിറ്റി ആണ് ഇത്.. കേരള യൂണിവേഴ്‌സിറ്റി ,എംജി പിന്നെ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഉള്ള സുഹൃത്തുക്കൾക്ക് പോലും അറിയാ നമ്മുടെ സർവകലാശാലയുടെ പ്രതാപം..അത് കാരണം കൊണ്ട് തന്നെ വല്യ ബഹുമാനം ആണ് നമ്മളെ..

യൂണിവേഴ്‌സിറ്റിയെ കുറ്റം പറയുന്നത് അവിടെ നിക്കട്ടെ ...സമയത്ത് എത്താനും കാര്യങ്ങൾ ചെയ്യാനും ശ്രദ്ധിക്കുന്ന ഒരാൾ ആണ് ഞാൻ..പക്ഷേ എന്റെ കൈയക്ഷരം മോശം ആണ് എന്നുള്ള പരാതി ഞാൻ പഠിച്ച ഏത്  സ്ഥാപനത്തിൽ ആണെങ്കിലും പാട്ടാണ്.. (പണ്ട് എന്നെയും ചപ്പനെയും സുന്ദരൻ മാഷ് നവോദയയുടെ വരാന്തയിൽ മണ്ടക്ക് കിഴുക്കി മുട്ട് കുത്തി നിർത്തിയത് വേദനയോടെ ഓർക്കുന്നു) വൃത്തിയിൽ എഴുതണം എന്ന് ഉള്ളത്കൊണ്ട് റെക്കോർഡ് assignment എഴുതുന്നതിൽ ഞാൻ punctual ആയിരുന്നില്ല...പലപ്പോഴും ചിത്രം വരച്ചും എഴുതിയും തന്ന പ്രിയപ്പെട്ട കോളേജ് സ്‌കൂൾ സുഹൃത്തുക്കളെ ഓർക്കുന്നു (പേരെടുത്ത് പറയുന്നില്ല ആരെയെങ്കിലും മിസ്സ് ആയാൽ പഞ്ഞിക്കിടും)അവസാനവർഷം ഉള്ള Project പോലും കൈ കൊണ്ട് എഴുതണം(Handwritten report)  എന്ന സൗകര്യം ഏർപ്പെടുത്തിയ യൂണിവേഴ്‌സിറ്റിയെ പ്രത്യേകം ഓർക്കുന്നു.കമ്പ്യൂട്ടർ പ്രാന്ത് അന്നും ഉണ്ടായിരുന്നത്കൊണ്ട് അത് എപ്പോഴും കൃത്യമായി പെട്ടെന്ന് തീർത്തിരിന്നു(അതൊക്കെ എഴുതാൻ ആണ് സാറേ പ്രശ്നം)..

Assignmentനോടുള്ള വിരക്തി എത്രത്തോളം ഉണ്ടെന്നു മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു...

ഇങ്ങനെ ഉള്ള ഞാൻ ആണ് VIT യിൽ എത്തുന്നത് ..ഇവിടെ എത്തിയപ്പോൾ ഉള്ള കാര്യം ബഹു കേമം! കാര്യങ്ങൾ ഒക്കെ കൃത്യ സമയത്ത് നടക്കും എന്ന് മാത്രം അല്ല എന്തിനും കമ്പ്യൂട്ടറിന്റെ അതിപ്രസരം ആണ്..എന്ത് പണിക്കും ഈ യന്ത്രം വേണം (പണ്ട് കാലിക്കറ്റ് സർവകലാശാലയെ പ്രാകിയത് കൊണ്ടാവാം ഇങ്ങനെ ഒരു ട്വിസ്റ്റ് )

നമുക്ക് ആണെങ്കിൽ ഈ formula equation ഒന്നും ടൈപ്പ് ചെയ്യാൻ വലിയ വേഗതയില്ല.. കാരണം അതിന്റെ ആവശ്യം വന്നിരുന്നും ഇല്ല..ഇവിടെ ആണെങ്കിൽ LaTeXഇല് പോലും assignment ചെയ്യുന്ന മഹാന്മാർ ഉണ്ടായിരുന്നു.. പറഞ്ഞിട്ട് കാര്യമില്ല.. വന്ന പുതുക്കം അത്കൊണ്ട് അങ്ങനെ പരിചയക്കാർ ആയിട്ടില്ല..dormitoryയിൽ ഉള്ള ബോസ് അണ്ണൻ മാത്രം ആണ് ആകെ കൂട്ട് അദ്ദേഹം ആണെങ്കിൽ M Tech control and automation ആണ് physics അല്ല..ശെരി എങ്ങനെയെങ്കിലും assignment തീർക്കാനുള്ള ശ്രമത്തിലായി ഞാൻ..അങ്ങനെ equation ടൈപ്പ്‌ ചെയ്യാൻ കുറേ നോക്കി നടക്കുന്നില്ല..അങ്ങനെ എല്ലാ കാലത്തെയും പോലെ last date എത്തി.. സ്വാതന്ത്ര്യദിനം  അന്നാണ്..

സർ പറഞ്ഞിരുന്നു ടൈപ്പ് ചെയ്യാൻ തീരെ പറ്റിയില്ല എങ്കിൽ എഴുതി ഫോട്ടോ എടുത്ത് pdf ആയി upload ചെയ്യാൻ ..പക്ഷെ അത് അത്ര നല്ല രീതി അല്ല എന്നും സൂചിപ്പിച്ചത് കൊണ്ടാണ് ഈ typing യജ്ഞം..അങ്ങനെ എഴുതാം എന്ന് തീരുമാനിച്ചു ഇനി പരീക്ഷിക്കാൻ സമയം ഇല്ല..12 മണി കഴിഞ്ഞാൽ upload ഓഫാവും VITയുടെ പോർട്ടലിൽ.. ആകെ ബേജാർ.. എനിക്ക് ആണെങ്കിൽ വൃത്തിയായി എഴുതാനും കഴിയുന്നില്ല..സഹായിക്കാൻ ആണെങ്കിൽ അനിയനോ,പാത്തു കുഞ്ഞു, പൊന്നു, ഫെമി ,ജാനു teams ഒന്നും ഇല്ല..ആകെ പെട്ടു!!

അങ്ങനെ സ്വാതന്ത്ര്യ ദിനത്തിൽ ഇരുന്ന് എങ്ങനെയൊക്കെയോ assignment തീർത്തു വൈകുന്നേരം ആയി..ഇനി upload ചെയ്യണം അപ്പൊ ഫോട്ടോ എടുത്തു  pdf ആക്കി അപ്ലോഡ് ചെയ്യുമ്പോ പറ്റുന്നില്ല..5 mb വരേ പറ്റുകയുള്ളൂ.. വീണ്ടും പ്രാന്ത്  .. പിന്നെ എങ്ങനെയൊക്കെയോ compress ചെയ്ത pdf upload ചെയ്തു...ഇത് ഒരു പുതിയ അനുഭവം ആയത് കൊണ്ട് രാത്രി 12 മണിക്ക് assignment ഒക്കെ പോർട്ടലിൽ ഉണ്ടോ എന്ന് നോക്കിയിട്ടു മാത്രേ ഉറങ്ങിയുള്ളൂ...അതായിരുന്നു വിശ്വവിഖ്യാതമായ ആദ്യത്തെ assignment ..പിന്നെ M.Sc കാലത്തെ ഒരു routine ആയി ഈ കാര്യങ്ങൾ...ഇന്നിപ്പോൾ M.Sc ഒക്കെ കഴിഞ്ഞു ഇങ്ങനെ Online ക്ലാസ്സിന്റെ മാത്രം ഒരു കൊറോണ കാലത്തിൽ ഞാൻ ഇതൊക്കെ ഓർത്തു ഇരിക്കുന്നു...



Comments

Post a Comment